ശ്രീല രൂപ ഗോസ്വാമിയാൽ വിരചിതമായ ഭക്തിരസാമൃത സിന്ധു(ഭക്തി ആകുന്ന സമുദ്രത്തിൽ നിന്നു ലഭിക്കുന്ന രസാമൃതം) വിന്റെ സാര സംഗ്രഹ പഠനമാണ് ഈ ഗ്രന്ഥം. ഭക്തിയോഗത്തെ സംബന്ധിച്ചുള്ള പൂർണ്ണ വിജ്ഞാനം ഇതിലടങ്ങിയിരിക്കുന്നു. പരമ പുരുഷനോട് അതീന്ദ്രിയ പ്രേമസേവനം വഴി ബന്ധം സ്ഥാപിക്കുന്ന പ്രക്രിയയെ ഭക്തിയോഗമെന്നു വിളിക്കുന്നു. ഈശ്വരാവബോധം പ്രാപിക്കാനുള്ള സർവ്വോന്നത മാർഗമായ ഭക്തിയോഗം ഒരേസമയം ഉദാത്തവും സരളവുമാകുന്നു. അതിനാൽ പ്രസ്തുത യുഗത്തിലുള്ള ഏവർക്കും പരിശീലിക്കാൻ ശുപാർശിക്കപ്പെട്ടതും ഭക്തിയോഗം തന്നെ.
സജീവമായ അവസ്ഥയുടെ മൗലിക കാരണം എന്തെന്നാൽ നമുക്ക് ആരെയെങ്കിലും സ്നേഹിക്കാനുള്ള ഒരു സ്വാഭാവിക പ്രവണതയുണ്ട്. ആർക്കും തന്നെ മറ്റാരേയെങ്കിലും സ്നേഹിക്കാതെ ജീവിക്കാൻ സാധ്യമല്ല. ഈ സ്വാഭാവികമായ പ്രവണത എല്ലാ ജീവജാലങ്ങളിലുമുണ്ട്. ഇന്നത്തെ കാലത്ത് മനുഷ്യ സമൂഹം ഒരാളെ പഠിപ്പിക്കുന്നത്, തന്റെ രാജ്യത്തേയോ, കുടുംബത്തേയോ, തന്നെത്തന്നേയോ സ്നേഹിക്കാനാണ്, പക്ഷെ ഈ സ്നേഹിക്കാനുള്ള സ്വാഭാവിക പ്രവണത എവിടെ അർപ്പിച്ചാൽ എല്ലാവർക്കും സന്തോഷത്തോടെ കഴിയാം എന്ന വിവരം അതിലില്ല. ആ നഷ്ടപ്പെട്ടുപോയ ബിന്ദു കൃഷ്ണനാണ്. കൃഷ്ണനോടുള്ള നമ്മുടെ ആദിമമായ സ്നേഹം എങ്ങനെ ബലപ്പെടുത്താം എന്നും എങ്ങനെ ആ അവസ്ഥ നിലനിർത്തിക്കൊണ്ട് നമ്മുടെ ആനന്ദപൂർണ്ണമായ ജീവിതം ആസ്വദിക്കാം എന്നും ഭക്തിരസാമൃതസിന്ധു നമ്മെ പഠിപ്പിക്കുന്നു.