പ്രകൃതിയിലെ ലാളിത്യവും, സൗന്ദര്യവും, സങ്കീർണ്ണതകളും എല്ലാക്കാലത്തേയും മഹാന്മാരായ തത്ത്വചിന്തകരുടെ മനസ്സും ഹൃദയവും കവർന്നിട്ടുണ്ട്. ഭാരതത്തിന്റെ കാലഹരണപ്പെടാത്ത വൈദികഗ്രന്ഥങ്ങളുടെ വിശാലമായ നിധിയിലെ മഹാകൃതികളിൽ ഏറ്റവും ഉത്കൃഷ്ടവും അമൂല്യവുമായത് ശ്രീമദ് ഭാഗവതമാണ്, കാരണം ആത്മീയ പരമാർത്ഥത്തിന്റെ സാരം കാവ്യാത്മകമായ വാക്യങ്ങളിലൂടെ അത് ഭംഗിയോടെ സാക്ഷാൽക്കരിക്കുന്നു. ഇൗ അതുല്യമായ വിശിഷ്ടകൃതിയിലെ പത്താം സ്കന്ദത്തിൽ, അതീന്ദ്രിയ ജ്ഞാനത്തിന്റെ വിവിധ വശങ്ങളെ ചിത്രീകരിച്ച് വ്യക്തമാക്കുവാൻ വേണ്ടി, ഭാരതത്തിലെ മഴപെയ്യുന്ന ശരത്കാലത്തെക്കുറിച്ചുള്ള വിസ്തൃതമായ ഒരു ആലങ്കാരിക വിവരണമുണ്ട്. ഉദാഹരണമായി, ചന്ദ്രനേയും നക്ഷത്രങ്ങളേയും മറയ്ക്കുന്ന ശരത്കാല രാത്രികളിലെ മൂടിക്കെട്ടിനിൽക്കുന്ന ആകാശം സൂചിപ്പിക്കുന്നത്, മനുഷ്യ മനസ്സിൽ നിന്നും യഥാർത്ഥ അറിവ് മറച്ചുവയ്ക്കുന്ന ഇന്നത്തെ കാലത്തെ ഭൗതികതാവാദത്തെയാണ്. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ തത്ത്വജ്ഞാനികളിൽ ഒരാളായ ശ്രീല പ്രഭുപാദർ, പ്രകൃതിയുടെ ഉത്പത്തിയെക്കുറിച്ചും അതിന്റെ പ്രയോജനം, പ്രാധാന്യം, എന്നിവയെക്കുറിച്ചുള്ള ഒരു വ്യക്തവും പ്രത്യക്ഷവുമായ ചിത്രീകരണം “ഭാഗവത ദീപികയിലൂടെ’ നൽകുന്നു.